Headlines
Loading...
*ട്രെയിനില്‍ മുങ്ങിയ കള്ളനെ വിമാനത്തിലെത്തി  കൈയോടെ പിടികൂടി പോലീസ്* 

ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് 1.3 കോടി രൂപയുടെ സ്വര്‍ണവുമായി ട്രെയിനില്‍ നാടുവിട്ട കള്ളനെ ഹൗറ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ഉടന്‍ വിമാനത്തിലെത്തിയ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരു നഗരത്തിലെ ഒരു വീട്ടിലാണ് ബംഗാള്‍ സ്വദേശി ജോലിചെയ്തിരുന്നത്. ഇതേ വീട്ടിലെ ബേസ്മെന്റില്‍ തന്നെയായിരുന്നു താമസവും. ഒക്ടോബര്‍ ആദ്യവാരം വീട്ടുടമയുടെ കുടുംബാംഗങ്ങളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് വീട്ടുജോലിക്കാരന്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്.വീട്ടിലെ ഇലക്‌ട്രിക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 1.3 കോടി രൂപയുടെ സ്വര്‍ണമാണ് ഇയാള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് ബെംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് കടന്നുകളയുകയും ചെയ്തു.


സംഭവത്തില്‍ പരാതി ലഭിച്ചതോടെ ബെംഗളൂരു പോലീസ് നഗരത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വ്യാപകമായി പരിശോധിച്ചു. ഇതില്‍നിന്നാണ് യശ്വന്ത്‌പുര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പ്രതി ട്രെയിനില്‍ കയറുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതോടെ പോലീസ് സംഘവും ബംഗാളിലേക്ക് പോവുകയായിരുന്നു.

ട്രെയിനിലോ കാറിലോ പോയാല്‍ പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നതിനാല്‍ വിമാനത്തിലാണ് പോലീസ് സംഘം കൊല്‍ക്കത്തയിലേക്ക് തിരിച്ചത്. കൃത്യസമയത്ത് കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ പോലീസ് സംഘം നേരേ ഹൗറ റെയില്‍വേ സ്റ്റേഷനിലേക്ക് കുതിക്കുകയും സ്വര്‍ണവുമായി ട്രെയിനില്‍ എത്തിയ കള്ളനെ കൈയോടെ പിടികൂടുകയുമായിരുന്നു.