Headlines
Loading...
ചിലത് പറയണമെന്ന് ശിവശങ്കര്‍ ; ജഡ്‌ജി അടുത്തേക്ക് വിളിച്ചു

ചിലത് പറയണമെന്ന് ശിവശങ്കര്‍ ; ജഡ്‌ജി അടുത്തേക്ക് വിളിച്ചു

കൊച്ചി : ബുധനാഴ്ച ഇ.ഡി കസ്റ്റഡിയിലെടുത്തപ്പോള്‍ ധരിച്ചിരുന്ന അതേ വേഷത്തിലാണ് ഇന്നലെ ശിവശങ്കര്‍ കോടതിയില്‍ ഹാജരായത്. നീല ടി - ഷര്‍ട്ടും ട്രാക് സ്യൂട്ടും. രാവിലെ 10.25 ന് മുല്ലശേരി കനാല്‍ റോഡിലെ ഇ.ഡി ഒാഫീസില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കാറിലാണ് ശിവശങ്കര്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള ജില്ലാ കോടതിയില്‍ എത്തിയത്.

രാവിലെ തന്നെ കോടതിയിലും ഇ.ഡി ഒാഫീസ് പരിസരത്തും കനത്ത പൊലീസ് കാവല്‍ ഒരുക്കിയിരുന്നു. കോടതിയിലേക്ക് കൊണ്ടുപോകും മുമ്ബ് ഡോക്ടര്‍മാരുടെ സംഘം ഇ.ഡി ഒാഫീസിലെത്തി ശിവശങ്കറിനെ പരിശോധിച്ചു.

 10.29 - ഇ.ഡിയുടെ കാര്‍ കോടതി വളപ്പില്‍. കാമറകള്‍ പൊതിഞ്ഞു. തിക്കിലും തിരക്കിനുമിടയിലൂടെ ശിവശങ്കര്‍ പുറത്തേക്ക്.

പൊലീസ് ഒരുക്കിയ വഴിയിലൂടെ ലിഫ്റ്റില്‍ കയറി. മാദ്ധ്യമ പ്രവര്‍ത്തര്‍ ചോദ്യങ്ങളുമായി തിക്കിത്തിരക്കിയെങ്കിലും ഗൗരവത്തിലായിരുന്നു.

 10.32 - ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍. അഭിഭാഷകന്‍ എസ്. രാജീവ് ഉള്‍പ്പെടെ ഒപ്പമുണ്ടായിരുന്നു. ഇ.ഡിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്‌ണന്‍, ഇ.ഡി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ടി.എ. ഉണ്ണികൃഷ്‌ണന്‍ തുടങ്ങിയവരും എത്തി.

 10.40 - പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി കൗസര്‍ എടപ്പഗത്ത് കോടതിയിലെത്തി. അവധി ദിനമായിട്ടും ഈ കേസ് പരിഗണിക്കാന്‍ മാത്രമായിരുന്നു സിറ്റിംഗ്. പ്രതിക്കൂട്ടില്‍ നിന്ന ശിവശങ്കര്‍ ചിലകാര്യങ്ങള്‍ കോടതിയോടു പറയാനുണ്ടെന്ന് അറിയിച്ചു. തന്റെ അടുത്തേക്ക് വരാന്‍ ജഡ്‌ജി ആവശ്യപ്പെട്ടു. ഇ.ഡി പീഡിപ്പിക്കുന്നതായും വൈദ്യസഹായം നല്‍കിയില്ലെന്നും പരാതി ബോധിപ്പിച്ചു. ബന്ധുക്കളെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മെഡിക്കല്‍ റിപ്പോര്‍ട്ടും ഹാജരാക്കി.

 11.05 - വാദം പൂര്‍ത്തിയായതോടെ കോടതി കസ്റ്റഡി അനുവദിച്ചു. സഹോദരന്‍ നാരായണന്‍, അനന്തരവന്‍ അനന്തകൃഷ്‌ണന്‍ എന്നിവരെ കാണാന്‍ ശിവശങ്കറിന് അനുമതി നല്‍കി.

 11. 25 - ശിവശങ്കറും അഭിഭാഷകരും കോടതിക്ക് പുറത്തേക്ക് വന്നു. ശിവശങ്കര്‍ സഹോദരനോടും അനന്തരവനോടും സംസാരിച്ചു.

 ഉച്ചക്ക് 1.05 -ശിവശങ്കറിനെ പുറത്തേക്ക് കൊണ്ടുവന്നു. മാദ്ധ്യമങ്ങളോടു സംസാരിച്ചില്ല. ഇ.ഡിയുടെ കാറില്‍ എന്‍ഫോഴ്സ്‌മെന്റ് ഒാഫീസിലേക്ക്.